
Ration traders strike called off തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സംസ്ഥാന വ്യാപക സമരം പിൻവലിച്ചു. ഭക്ഷ്യ മന്ത്രി ജി.ആർ അനിലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇന്ന് വൈകീട്ട് തന്നെ കഴിയുന്നത്ര കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. നാളെ മുതൽ മുഴുവൻ കടകളും സാധാരണ നിലയിൽ തുറന്ന് പ്രവർത്തിക്കും.
അതേസമയം റേഷൻ വ്യാപാരികളുടെ വേതനം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പഠിച്ച ശേഷം നടപടിയെടുക്കുമെന്നും സമരക്കാർ ഉന്നയിച്ച കുടിശിക നൽകണമെന്ന ആവശ്യം ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. എല്ലാ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 നുള്ളിൽ തന്നെ നൽകുമെന്ന് തീരുമാനമായിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങിയത്.