
RG Kar Murder Case കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ ജി കര്‍ ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി കൊല്‍ക്കത്ത ഹൈക്കോടതി. പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സിബിഐയുടെ അപ്പീലില്‍ പ്രതി സഞ്ജയ് റോയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാ വിധിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലില്‍ തുടരണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ കോടതി പറഞ്ഞിരുന്നു.
എന്നാല്‍ ഈ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടെന്നുള്ള ഗുരുതര ആക്ഷേപവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന സിബിഐ വാദം കോടതി നിരാകരിച്ചിരുന്നു. പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ശിക്ഷാ വിധിയില്‍ വ്യക്തമാക്കി.