
Terror Threat to PM Modi’s Plane ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി ലഭിച്ചതായി മുംബൈ പോലീസ്. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി ആണ് പോലീസിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഫോൺ വന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് ഔദേയാഗിക സന്ദർശനത്തിനായി പോകുമ്പോൾ, അദ്ദേഹത്തിന്റെ വിമാനത്തിന് നേരെ ഭീകരവാദികൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ആയിരുന്നു മുന്നറിയിപ്പ്. മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് ആണ് ഫോൺ കോൾ ലഭിച്ചത്. വിവരങ്ങളുടെ ഗൗരവം കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ചെമ്പൂർ പ്രദേശത്ത് നിന്ന് പ്രതിയെ കസ്റ്റഡയിലെടുത്തത്. എന്നാൽ, ഇയാൾ മാനസികരോഗിയാണെന്ന് പോലീസ് വ്യക്തമാക്കി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലെത്തുന്നത്. ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായതിന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. സന്ദർശനത്തിനിടെ ട്രംപുമായി പ്രത്യേകവും ഉദ്യോഗസ്ഥ തലത്തിലും ചർച്ചകൾ നടത്തും.
ട്രംപുമായുള്ള ചർച്ചകളിൽ നാടുകടത്തൽ വിഷയം ഉന്നയിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ശേഷിക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരുമ്പോൾ, മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടേക്കും.