
High temperature warning തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാനുള്ള സാധ്യത ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത.
വടക്കൻ കേരളത്തിലായിരിക്കും ഉയർന്ന ചൂട് അനുഭവപ്പെടുക. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. താപനില വർധിക്കുമ്പോൾ ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തണം.
നിർജലീകരണം, ക്ഷീണം, സൂര്യാതപം, സൂര്യാഘാതം എന്നിവയേൽക്കാൻ സാധ്യത കൂടുതലുള്ള സമയമാണിത്. ധാരാളം വെള്ളം കുടിക്കുക, നിറം കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ പ്രത്യേക ജാഗ്രത പുലർത്തണം. സൂര്യാതപ, സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.