വളപട്ടണം (കണ്ണൂർ): Vande Bharat വളപട്ടണം – കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിൽ വീണ്ടും കല്ലുകൾ കണ്ടെത്തി. വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ മാത്രം വളപട്ടണം റെയിൽവേ സ്റ്റേഷന്റെ സമീപത്ത് ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും കണ്ടെത്തിയിരുന്നു.
റെയിൽവേയും വളപട്ടണം പൊലീസും അട്ടിമറി ശ്രമമുണ്ടായോയെന്ന് സംശയിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ റെയിൽവേ ട്രാക്കുകളിൽ കല്ല്, പോസ്റ്റ്, മരക്കഷണം, കോൺക്രീറ്റ് സ്ലാൂബുകൾ തുടങ്ങി ട്രെയിനുകൾ തകർക്കാനുള്ള നിരവധി ശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതൊക്കെ ലക്ഷക്കണക്കിന് യാത്രക്കാരുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാണ്.
സംഭവങ്ങൾക്കു പിന്നിൽ സാമൂഹ്യ വിരുദ്ധരും മദ്യപരുമാണ് എന്നു പോലീസും റെയിൽവേയും ആദ്യം വിലയിരുത്തുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ സംഘടിതമായ ആസൂത്രണമുണ്ടോയെന്നതിനെക്കുറിച്ച് തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല. ചില കേസുകളിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ എൻ.ഐ.എ അടക്കമുള്ള ഏജൻസികളും അന്വേഷണത്തിൽ ഭാഗമാകുന്നുണ്ട്.