
പെരിന്തൽമണ്ണ (മലപ്പുറം): Nipah Virus സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് മണ്ണാർക്കാട് സ്വദേശി 50കാരൻ, പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചിരുന്നു. രോഗിയെ വെള്ളിയാഴ്ച വൈകുന്നേരം മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കടുത്ത ശ്വാസതടസ്സവുമായി റഫർ ചെയ്തത്.
നിപ വൈറസ് ലക്ഷണങ്ങളുമായി സാമ്യമുണ്ടായതിനാൽ പ്രത്യേകമായി സജ്ജമാക്കിയ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേഷനിലാക്കിയാണ് ചികിത്സ നടത്തിയത്. എന്നാൽ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്.
ഇതിനു മുമ്പ് മക്കരപ്പറമ്പ് സ്വദേശിനിയായ ഒരു യുവതിയും നിപ ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.